പ്രജ്ഞാ സിംഗ് ഭീകരവാദി തന്നെ; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ട്വിറ്ററില്‍ എഴുതിയ കാര്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ബി.ജെ.പിക്കാര്‍ എനിക്കെതിരെ അവര്‍ക്ക് ഇഷ്ടമുള്ളതെന്തും ചെയ്തോട്ടെ - രാഹുല്‍ ഗാന്ധി
by National Deskബി.ജെ.പി നേതാവും ലോക്‌സഭാ എം.പിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ഭീകരവാദി എന്നു വിശേഷിപ്പിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പ്രജ്ഞാ സിംഗ് പാർലമെന്റിൽ പറഞ്ഞതിനു മറുപടിയായാണ് രാഹുൽ ട്വിറ്ററിൽ അവരെ ഭീകരവാദി എന്നു വിളിച്ചത്. ഇതിനെതിരെ ബി.ജെ.പി രംഗത്തുവന്നെങ്കിലും വാക്കുകൾ പിൻവലിക്കാനില്ലെന്ന് രാഹുൽ ആവർത്തിച്ചു.
'ഭീകരവാദി പ്രജ്ഞ ഭീകരവാദി ഗോഡ്‌സെയെ ദേശസ്‌നേഹി എന്നു വിളിക്കുന്നു. ഇന്ത്യയുടെ പാർലമെന്റിന്റെ ചരിത്രത്തിലെ ദുഃഖദിനം' എന്നാണ് രാഹുൽഗാന്ധി വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ചത്. ഭീകരവാദി പരാമർശത്തിനെതിരെ ബി.ജെ.പി നേതാക്കളടക്കമുള്ളവർ രംഗത്തുവന്നു. ഗോഡ്‌സെ പരാമർശത്തിൽ പാർലമെന്റിൽ മാപ്പുപറഞ്ഞ പ്രജ്ഞാ സിംഗ്, തന്നെ ഭീകരവാദി എന്നു വിളിച്ച രാഹുൽഗാന്ധിയും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.
ഒരു കോടതിയും തന്നെ കുറ്റക്കാരിയെന്ന് കണ്ടെത്തിയിട്ടില്ലെന്നും അടിസ്ഥാനമില്ലാതെ തന്നെ ഭീകരവാദിയെന്ന് വിളിക്കുന്നത് നിയമബിരുദ്ധമാണെന്നും സന്യാസിനിയും വനിതയുമായ തന്നെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രജ്ഞ പറഞ്ഞു. രാഹുൽ ഗാന്ധി സഭയിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങളും രംഗത്തെത്തി.
ഇതിനുപിന്നാലെയാണ് പറഞ്ഞത് തിരിച്ചെടുക്കുന്നില്ലെന്ന് രാഹുൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്.
'എന്റെ പ്രസ്താവനയിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ ട്വിറ്ററിലെഴുതിയത് എന്താണോ അതിൽ ഉറച്ചുനിൽക്കുന്നു. എനിക്കെതിരെ നടപടിയെടുക്കണമെന്ന ബി.ജെ.പിക്കാർ ആവശ്യപ്പെടുന്നതിൽ കുഴപ്പമില്ല. അവർക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യട്ടെ, ഞാൻ സ്വാഗതം ചെയ്യുന്നു.' രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.