https://images.assettype.com/mediaone%2F2019-11%2Fb9a6e471-acc6-4be5-8533-add93b23e16e%2FTHAHA_JAIL_STILL01.jpg?w=640&auto=format%2Ccompress&fit=max

പന്തിരാങ്കാവ് യുഎപിഎ കേസില്‍ താഹയെ വീണ്ടും ചോദ്യം ചെയ്യും ; ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി

വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാവോയിസ്റ്റ് ബന്ധമുള്ള കൂടുതല്‍ പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

by

പന്തിരാങ്കാവ് യുഎപിഎ കേസില്‍ രണ്ടാം പ്രതി താഹയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് കോടതി കൂടുതല്‍ സമയം അനുവദിച്ചു. നാളെ രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാനാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയത്.

ഇന്നലെ മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ജയിലില്‍ വെച്ച് താഹയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ അന്വേഷണ സംഘം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ പ്രതിഭാഗം കോടതിയില്‍ എതിര്‍ത്തെങ്കിലും കോടതി അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

താഹയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാവോയിസ്റ്റ് ബന്ധമുള്ള കൂടുതല്‍ പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സൌത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താഹയെ ചോദ്യം ചെയ്യുക. ഇന്നലെ അന്വേഷണ സംഘം താഹയുടെ കൈയ്യക്ഷരം രേഖരിച്ചിരുന്നു. ഇത് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും.