https://www.doolnews.com/assets/2019/11/devendra-fadnavis-399x227.jpg

'അവരെ എന്തിനാണു നിങ്ങള്‍ തടവിലിട്ട് ശിക്ഷിക്കുന്നത്?'; രാജിവെച്ച് നാലാം ദിവസം താക്കറെ സര്‍ക്കാരിനോടു ചോദ്യങ്ങളുമായി ഫഡ്‌നാവിസ്

by

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നാലു ദിവസത്തിനു ശേഷം പുതിയ സര്‍ക്കാരിനോട് ചില ചോദ്യങ്ങളുമായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. വ്യാഴാഴ്ച സത്യപ്രതിജ്ഞ കഴിഞ്ഞതിനുശേഷം ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കര്‍ നടത്തിയ മന്ത്രിസഭാ യോഗത്തിനു നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടുകൊണ്ടാണ് ഫഡ്‌നാവിസ് ചോദ്യങ്ങളുന്നയിച്ചത്.

‘പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ദുരിതത്തിലായ കര്‍ഷകരെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങളല്ല, മറിച്ച് എങ്ങനെയാണു രഹസ്യമായി ഭൂരിപക്ഷം തെളിയിക്കേണ്ടത് എന്നതിനെപ്പറ്റിയാണു ചര്‍ച്ച ചെയ്തത്. പിന്നെന്തിനാണു ഭൂരിപക്ഷത്തെപ്പറ്റി മുന്‍പ് അവകാശവാദങ്ങള്‍ ഉന്നയിച്ചത്?

ഈ സര്‍ക്കാരിനു ഭൂരിപക്ഷമുണ്ടെങ്കില്‍, പിന്നെന്തിനാണ് ഇത്ര ജാഗ്രതയോടെ നിയമസഭാ സമ്മേളനം വിളിക്കാന്‍ ആലോചിക്കുന്നത്? നിയമത്തെ പരിഹസിച്ചുകൊണ്ട് പ്രോട്ടേം സ്പീക്കറെ മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് എന്തിനാണ്?

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വന്തം പാര്‍ട്ടി എം.എല്‍.എമാരെ നിങ്ങള്‍ അവിശ്വസിക്കുന്നത് എന്തിനാണ്? അവരെ എന്തിനാണു തടവിലിട്ടുകൊണ്ടു ശിക്ഷിക്കുന്നത്? ബി.ജെ.പി പ്രതിപക്ഷത്തിരിക്കുമെന്നു വ്യക്തമാക്കിയിട്ടും എന്തിനാണു ശിവസേന തങ്ങളുടെ എം.എല്‍.എമാരെ ഹോട്ടലില്‍ താമസിപ്പിച്ച് ഒളിച്ചുകളി നടത്തുന്നത്? മഹാരാഷ്ട്രയ്ക്ക് ഇതിനുത്തരം വേണം.’- അദ്ദേഹം ട്വീറ്റ് ചെയ്തു.

ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എം.എല്‍.എമാര്‍ ഇപ്പോഴും മുംബൈയിലും പരിസരത്തുമുള്ള ഹോട്ടലുകളിലാണെന്നതു പരാമര്‍ശിച്ചായിരുന്നു ഫഡ്‌നാവിസിന്റെ ചോദ്യങ്ങള്‍.

ശനിയാഴ്ചയാണ് എന്‍.സി.പി നേതാവ് അജിത് പവാറിനെ ബി.ജെ.പി പാളയത്തിലെത്തിച്ച് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ 80 മണിക്കൂറിനു ശേഷം അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദം രാജിവെച്ചശേഷം സ്വന്തം പാര്‍ട്ടിയിലേക്കു തിരിച്ചുപോയതോടെ സര്‍ക്കാര്‍ താഴെവീണു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നീടാണ് മഹാ അഘാഡി സഖ്യം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.