'അനുജന്റെ കാര്യത്തില്‍ മോദിക്ക് ഒരു ഉത്തരവാദിത്തമുണ്ട്'; നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു: പ്രധാനമന്ത്രിയോട് ശിവസേന
by ന്യൂസ് ഡെസ്ക്മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്തിയായിരിക്കും മഹാ അഘാഡി സഖ്യ സര്‍ക്കാരിന്റെ മുന്നോട്ടുള്ള യാത്രയെന്ന് ശിവസേന.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ഭാഗമല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അദ്ദേഹം മഹാരാഷ്ട്രയോടുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും മുഖപത്രമായ സാമ്‌നയിലെഴുതിയ എഡിറ്റോറിയലില്‍ ശിവസേന ആവശ്യപ്പെട്ടു.
‘ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. മഹാരാഷ്ട്രയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഉദ്ദവ് സര്‍ക്കാര്‍ മഹാരാഷ്ട്രയ്ക്ക് സത്യവും നീതിയും ഉറപ്പാക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫഡ്നാവിസ് സര്‍ക്കാര്‍ മഹാരാഷ്ട്രയെ അഞ്ച് ലക്ഷം കോടി രൂപയുടെ കടക്കെണിയില്‍ വീഴ്ത്തി. അതിനാല്‍ ഉദ്ദവ് താക്കറെ വേഗത്തിലും വളരെ ശ്രദ്ധയോടെയും പ്രവര്‍ത്തിക്കേണ്ടിവരും.’- എഡിറ്റോറിയല്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആശ്വാസം ലഭിക്കേണ്ടതുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കും ബി.ജെ.പിക്കും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും, ഉദ്ദവ് താക്കറെയും മോദി ജിയും പരസ്പരം സഹോദരന്മാരെപ്പോലെയാണ്. അതിനാല്‍ മഹാരാഷ്ട്രയിലെ ഇളയ സഹോദരന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു’- എഡിറ്റോറിയലില്‍ കുറിച്ചു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മുംബൈയെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന സംസ്ഥാനവും അതിര്‍ത്തികളില്‍ നല്‍കുന്ന സേവനത്തിലും മഹാരാഷ്ട്ര മുന്‍പിലാണെന്നും അതിനാല്‍ തന്നെ കേന്ദ്രത്തില്‍ നിന്ന് അത്തരത്തിലുള്ള സമീപനം മഹാരാഷ്ട്രയുടെ കാര്യത്തില്‍ വേണമെന്നും ശിവസേന ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്‍.സി.പി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ നാല് ദിവസം നീണ്ട ഫഡ്‌നാവിന് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയത്.
ഉദ്ദവ് താക്കറെ അധ്യക്ഷനായ ആദ്യമന്ത്രിസഭാ യോഗത്തില്‍ റായ്ഗഢ് കോട്ടയുടെ സംരക്ഷണത്തിനായി 20 കോടി രൂപ അനുവദിച്ചിരുന്നു. കര്‍ഷകര്‍ക്കുള്ള സഹായപദ്ധതികളും മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു.