https://janamtv.com/wp-content/uploads/2018/01/supreme-court-edited.jpg

നടി ആക്രമിക്കപ്പെട്ട സംഭവം; വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

by

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചത്.

കേസിലെ പ്രധാനപ്പെട്ട രേഖയായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. നടിയുടെ സ്വകാര്യത മാനിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറാത്തത്. അതേസമയം, ദിലീപിനോ, അഭിഭാഷകനോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

58 പേജുകളുള്ള വിധിയാണ് കേസിന്റെ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്ന് പ്രോസിക്യൂഷന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് വിധിയില്‍ പറയുന്നു. ദിലീപിനോ അഭിഭാഷകര്‍ക്കോ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടാം. മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ ദൃശ്യങ്ങള്‍ പരിശോധിക്കാം. അതേസമയം, ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രതിഭാഗം അവ പകര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും ദൃശ്യങ്ങള്‍ പരിശോധിക്കുന്നവരുടെ കയ്യില്‍ ഉണ്ടാകരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.