ശ്രീലങ്കന്‍ കസ്റ്റഡിയിലുള്ള മത്സ്യതൊഴിലാളികളെ വിട്ടയക്കും: ഗോതാബയ രജപക്‌സെ
by Janam TV Web Deskകൊളംബൊ: ശ്രീലങ്കയില്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയക്കുമെന്ന് പ്രസിഡന്റ് ഗോതാബയ രജപക്‌സെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴച സൗഹൃദപരമായിരുന്നു. ഇരു രാജ്യങ്ങളുടേയും സുരക്ഷ സംബന്ധിച്ച കാര്യങ്ങളിലാണ് കൂടിക്കാഴ്ചയില്‍ പ്രധാന്യം നല്‍കിയതെന്നും ഗോതാബയ വ്യക്തമാക്കി.
ഇന്ത്യ-ശ്രീലങ്ക അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് കടന്ന ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ നിലവില്‍ ലങ്കന്‍ സേനയുടെ കസ്റ്റഡിയിലാണ്. ഇവരെ വിട്ടു നല്‍കാനാണ് കൂടിക്കാഴ്ചയില്‍ ധാരണയായത്.
ഭീകരവാദത്തെ നേരിടാന്‍ 50 മില്യൻ യുഎസ് ഡോളര്‍ സാമ്പത്തിക സഹായം അനുവദിച്ചതിന് മോദിയോട് ഗോതാബയ നന്ദി അറിയിച്ചു. ഇന്ത്യ നല്‍കിയ എല്ലാ സാമ്പത്തിക സഹായങ്ങള്‍ക്കും, സഹകരണത്തിനും ഗോതാബയ മോദിയോട് നന്ദി അറിയിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ഗോതാബയയെ മോദി തന്റെ അഭിനന്ദനം അറിയിച്ചു. പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ഗോതാബയയുടെ ആദ്യത്തെ വിദേശയാത്രയാണ് ഇത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഗോതാബയ ഇന്നലെ വൈകീട്ട് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എന്നിവരുമായി ഗോതാബയ കൂടിക്കാഴ്ച നടത്തും