പയ്യാവൂരിലെ സ്വകാര്യ സ്‌കൂളില്‍ എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകന്റെ ലൈംഗിക പീഡനം ; വിദ്യാര്‍ത്ഥിനികള്‍ തുറന്നു പറഞ്ഞത് കൗണ്‍സിലിംഗില്‍
കണ്ണൂര്‍: പയ്യാവൂരിലെ സ്വകാര്യ സ്‌കൂളില്‍ എട്ടു വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കായിക അദ്ധ്യാപകനെതിരേ പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ അദ്ധ്യാപകനെതിരേ വിദ്യാര്‍ത്ഥികള്‍ പരാതി പറയുകയായിരുന്നു. ആരോപണ വിധേയനായ അദ്ധ്യാപകനെ സ്‌കൂള്‍ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തു. പരാതി ജില്ലാ ശിശു വനിതാ ക്ഷേമ വിഭാഗം പോലീസിന് കൈമാറി.
കായികാദ്ധ്യാപകനില്‍ നിന്നും നിരന്തരം ശാരീരിക പീഡനം നേരിടുന്നതായി കൗണ്‍സിലിംഗില്‍ എട്ടിലധികം വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്ക് പുറമേ ജില്ലാ ലീഗല്‍ അതോറിറ്റിയും ശിശുവനിതാ ക്ഷേമ ജില്ലാ വിഭാഗം അധികൃതരും ചേര്‍ന്ന് 200 ലധികം വിദ്യാര്‍ത്ഥികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയത്. ഇതിനിടയിലായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പരാതി വന്നിരിക്കുന്നത്.
അതേസമയം നേരത്തേയും അദ്ധ്യാപകനെതിരേ ആരോപണവും പരാതിയും ഉയര്‍ന്നതാണെങ്കിലും സ്‌കൂള്‍ നടപടിയെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളും പരാതിയുമായി എത്തിയതോടെയാണ് കൗണ്‍സിലിംഗ് നടത്തിയത്. ലീഗല്‍ അതോറിറ്റി പരാതി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം അദ്ധ്യാപകനെതിരേ കേസെടുക്കുകയുള്ളൂ.