നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി ; ദൃശ്യങ്ങള്‍ വേണമെങ്കില്‍ പരിശോധിക്കാം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/11/354452/dileep.jpg

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വീഡിയോ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല. ഇത് കൈമാറണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ ദൃശ്യങ്ങള്‍ ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ പരിശോധിക്കാമെന്നും കോടതി പറഞ്ഞു. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് നടിയുടെ സ്വകാര്യതയും സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന നടിയുടെയും സര്‍ക്കാരിന്റെയും വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ അന്വേഷണ സംഘത്തിന് കേസുമായി മുമ്പോട്ട് പോകാനാകും.

ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയാണെന്നും അത് കിട്ടാനുള്ള അര്‍ഹത നിയമപരമായി തനിക്കുണ്ടെന്നും ദിലീപിന്റെ വാദം കോടതി തള്ളി. ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യം ഉണ്ടെന്നും ഇത് കിട്ടിയാല്‍ മാത്രമേ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയു എന്നും വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ള ഉപാധികള്‍ വെയ്ക്കാമെന്നും മറ്റുമുള്ള ദിലീപിന്റെ വാദം കോടതി പരിഗണിച്ചില്ല. കേസില്‍ നേരത്തേ കക്ഷി ചേര്‍ന്ന നടി പ്രതിക്ക് ദൃശ്യങ്ങള്‍ കൈമാറുന്നത് ഇര എന്ന നിലയില്‍ തന്റെ സ്വകാര്യതയ്ക്കും സംരക്ഷണയ്ക്കും ഭീഷണിയാണെന്ന വാദം കോടതി അംഗീകരിച്ചു.

ഇത്തരം കാര്യത്തില്‍ തന്റെ മൗലീകാവകാശം കൂടി കണക്കിലെടുക്കണമെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങള്‍ കേസിലെ തൊണ്ടി മുതലാണെന്നും കേസിലെ പ്രധാന രേഖയാണെന്നും സംസ്ഥാന സര്‍ക്കാരും പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ നേരത്തേ ദിലീപിന്റെ അഭിഭാഷകന്‍ കണ്ടിട്ടുണ്ട്. നേരത്തേ തന്റെ അഭിഭാഷകന്‍ കണ്ടതില്‍ നിന്നും വ്യത്യാസം ദൃശ്യങ്ങളില്‍ ഉണ്ടെന്നും ഫോറന്‍സിക് പരിശോധന വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് നല്‍കിയതാണെന്നും അതുകൊണ്ടു മറ്റൊരു പരിശോധനയുടെ ആവശ്യം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഓടുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് നടിയുടെ വാദം. എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനമാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നും ആയിരുന്നു ദിലീപിന്റെ വാദം. അതുപോലെ തന്നെ നടിയുടെ ശബ്ദം ഡബ്ബ് ചെയ്തതാണെന്ന് സംശയിക്കുന്നതായും ഇതില്‍ ഫോറന്‍സിക് പരിശോധന വേണമോ മറ്റെന്തെങ്കിലും പരിശോധന വേണമോ എന്നതും തന്റെ അവകാശമാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങളുടെ കോപ്പിയില്‍ വാട്ടര്‍ മാര്‍ക്കിടാം, പോലീസുകാരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താം, സി ഡാക്കിനെ ഏല്‍പ്പിക്കാം തുടങ്ങിയ അനേകം ഉപാധികള്‍ ദിലീപ് മുമ്പോട്ട് വെച്ചെങ്കിലും ഇതൊന്നും കോടതി അംഗീകരിച്ചില്ല. ദിലീപിന് വ്യക്തിപരാമായി പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ദ​ൃശ്യങ്ങള്‍ കേസിലെ തൊണ്ടി മുതാലാണെന്നും ഇത് കേസില്‍ പ്രധാന രേഖയാണെങ്കില്‍ അതിന്റെ ശാസ്ത്രീയ പരിശോധന നടത്തിയാലേ തന്റെ നി​രപരാധിത്വം തെളിയിക്കാനാകൂ എന്നും ദിലീപ് വാദിച്ചെങ്കിലും കോടതി അതിനൊന്നും വഴങ്ങിയില്ല. ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായത് മുകുള്‍ റോഹ്തഗികയായിരുന്നു. രണ്ടുവര്‍ഷമായ കേസില്‍ ഇതുവരെ വിചാരണ പോലും തുടങ്ങിയിട്ടില്ല. 2017 നവംബറിലാണ് കേസില്‍ ദിലീപിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഡിസംബര്‍ 1 നായിരുന്നു ഈ കേസ് സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയത്.