https://www.deshabhimani.com/images/news/large/2019/11/dileep-833819.jpg

നടിയെ ആക്രമിക്കൽ: ദിലീപിന്‌ ദൃശ്യങ്ങൾ കൈമാറേണ്ടതില്ല ‐ സുപ്രീംകോടതി

by

ന്യൂഡൽഹി> നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ കയ്യിലുള്ള മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകർപ്പ്‌ പ്രതി ദിലീപിന്‌ നൽകേണ്ടതില്ലെന്ന്‌ സുപ്രീംകോടതി. ദൃശ്യങ്ങൾ ആവശ്യമെങ്കിൽ ദിലീപിനോ അഭിഭാഷകർക്കോ കാണാമെന്നും കോടതി ഉത്തരവായി. മെമ്മറികാർഡിലെ ദൃശ്യങ്ങൾ രഹസ്യമായിതന്നെ സൂക്ഷിക്കണം. ദൃശ്യങ്ങൾ ഫൊറൻസിക്‌ പരിശോധന നടത്തിയതാണ്‌. വീണ്ടും ആ പരിശോധന നടത്തേണ്ടതില്ലെന്നും കോടതി ഉത്തരവായി.

ദൃശ്യങ്ങളുടെ പകർപ്പ്‌ നൽകണമെന്നാവശ്യപ്പെട്ട്‌ നടൻ ദിലീപ് സമര്‍പ്പിച്ച ഹർജിയില്‍ ജസ്റ്റിസ് എ എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് ഉത്തരവിട്ടത്‌. ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാരും നടിയും കോടതിയില്‍ എതിര്‍ത്തിരുന്നു.

മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും ഉള്ളടക്കം രേഖയാണെന്നും അതിനാല്‍ അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. രേഖകൾ ഫൊറൻസിക്‌ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

വാട്ടര്‍മാര്‍ക്കിട്ടാണെങ്കിലും ദൃശ്യങ്ങൾ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഹർജിയെ എതിര്‍ത്ത് നടിയും കോടതിയെ സമീപിച്ചിരുന്നു. കാര്‍ഡിലെ ‌ഉള്ളടക്കം അനുവദിക്കുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്ന് നടി കോടതിയെ ബോധിപ്പിച്ചു.