https://www.doolnews.com/assets/2019/11/vanjiyoor-399x227.jpg

സ്ത്രീയായിപ്പോയി, ഇല്ലെങ്കില്‍ വലിച്ചിഴച്ച് പുറത്തിട്ട് തല്ലിച്ചതച്ചേനെയെന്ന് ആക്രോശിച്ചു; ബാര്‍ അസോസിയേഷന്‍ പ്രസിഡന്റെ കെ.പി ജയചന്ദ്രനെതിരെ ഗുരുതര ആരോപണവുമായി മജിസ്‌ട്രേറ്റ്

by

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മജിസ്‌ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ട സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണം.

ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ കെ.പി ജയചന്ദ്രനും സെക്രട്ടറി പാച്ചല്ലൂര്‍ ജയകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് വനിതാ മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ മൊഴി നല്‍കിയത്.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയും ദേഹോപദ്രവം ഏല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയും കെ.പി ജയചന്ദ്രന്‍ അടക്കമുള്ളവര്‍ തന്നെ തടഞ്ഞുവെക്കുകയായിരുന്നെന്ന് വനിതാ മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ പറയുന്നു.

ഒന്നാം പ്രതി കെ.പി ജയചന്ദ്രന്‍ കൈചൂണ്ടി തന്റെ നേര്‍ക്ക് അടുക്കുകയും ഈ ഉത്തരവ് മാറ്റിയെഴുതണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീയായിപ്പോയി, അല്ലെങ്കില്‍ ചേംമ്പറിന് പുറത്തേക്ക് വലിച്ചിട്ട് തല്ലിച്ചതച്ചേനെയെന്ന് ആക്രോശിച്ചു. ഇനി ഇവിടെ ഇരുന്നുകൊള്ളണമെന്നും പുറത്ത് ഇറങ്ങിപ്പോകരുതെന്നും പറഞ്ഞു. ഈ കോടതി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് കാണണം. കോടതി ഇനി പ്രവര്‍ത്തിക്കില്ലെന്നും കെ.പി ജയന്ദ്രന്‍ പറഞ്ഞു- എന്നാണ് മജിസ്‌ട്രേറ്റ് മൊഴിയില്‍ പറഞ്ഞത്.

തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെ പ്രസിഡന്റ് കെ.പി ജയചന്ദ്രന്‍ അടക്കം 10 അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒരു ജൂഡീഷ്യല്‍ ഓഫീസറോട് പറയാനോ പെരുമാറാനോ പാടില്ലാത്ത നിലയിലുള്ള കാര്യങ്ങളാണ് അവിടെ ഉണ്ടായതെന്നും വനിതാ മജിസ്‌ട്രേറ്റ് മൊഴി നല്‍കിയിട്ടുണ്ട്.

ഈ സംഭവത്തില്‍ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജഡ്ജിമാരുടെ കത്തും ഇതോടൊപ്പം പരിഗണിക്കും.വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയ്ക്ക് കത്ത് നല്‍കിയിരുന്നു.

കെ.പി ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള അസോസിയേഷന്‍ ഭാരവാഹികളാണ് മജിസ്ട്രേറ്റിനെ പൂട്ടിയിട്ടത്. ഒരു വാഹനാപകട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഒരു സ്ത്രീക്ക് അപകടം പറ്റിയിരുന്നു. ഈ കേസിന്റെ വിസ്താരം നടക്കുന്നതിനിടെ പരിക്കുപറ്റിയ സ്ത്രീ ഇന്ന് കോടതിയിലെത്തുകയും ബസിന്റെ ഡ്രൈവര്‍ തന്നോട് കോടതിയില്‍ ഹാജരാകരുത് എന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മൊഴി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ജാമ്യം മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ റദ്ദാക്കിയിരുന്നു. ഡ്രൈവറെ റിമാന്‍ഡ് ചെയ്യാനും ഇവര്‍ ഉത്തരവിട്ടു.

ഇതില്‍ പ്രതിഷേധിച്ച അഭിഭാഷകര്‍ മജിസ്ട്രേറ്റിനെതിരെ രംഗത്തു വരികയും മജിസ്ട്രേറ്റിന്റെ ചേംബറിലെത്തി അവരെ പൂട്ടിയിടുകയുമായിരുന്നു.
മജിസ്‌ട്രേറ്റ് അറിയിച്ചത് അനുസരിച്ച് എത്തിയ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് പിന്നീട് ഇവരെ മോചിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ