https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/6/23/andre-russell-west-indies.jpg

ഇന്ത്യൻ പര്യടനത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു; റസ്സൽ, ഗെയ്‍ൽ, ബ്രാവോ ഇല്ല

by

ലക്നൗ∙ ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള വെസ്റ്റിൻഡീസ് ടീമിലും ഓൾറൗണ്ടർ ആന്ദ്രെ റസ്സലിന് ഇടമില്ല. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഇടവേള ആവശ്യപ്പെട്ട വെറ്ററൻ താരം ക്രിസ് ഗെയ്‍ൽ, വിരമിക്കൽ തീരുമാനം പിൻവലിച്ച് ദേശീയ ടീമിലേക്കു തിരിച്ചെത്തുമെന്ന് സൂചന നൽകിയ ഡ്വെയിൻ ബ്രാവോ തുടങ്ങിയവരെയും സിലക്ടർമാർ പരിഗണിച്ചില്ല. ഓൾറൗണ്ടർ കീറൺ പൊള്ളാർഡ് ടീം നായകനായി തുടരും. മൂന്നു ട്വന്റി20കളും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്ന പരമ്പരയാണ് വിൻഡീസ് ഇന്ത്യയ്ക്കെതിരെ കളിക്കുന്നത്. ഇതിൽ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിലാണ്.

ഓൾറൗണ്ടർ കീറൺ പൊള്ളാർഡ് ടീമിന്റെ നായകനായി തുടരും. നിക്കോളാസ് പുരാനാണ് ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഏകദിനത്തിൽ ഷായ് ഹോപ് ഉപനായകനാകും. അടുത്തിടെ ഇന്ത്യൻ മണ്ണിൽ അഫ്ഗാനിസ്ഥാനെതിരെ കളിച്ച ടീമിൽ വിശ്വാസമർപ്പിച്ചാണ് സിലക്ടർമാർ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ലക്നൗവിൽ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര വിൻഡീസ് തൂത്തുവാരിയിരുന്നു. അതേസമയം, ട്വന്റി20യിൽ 2–1ന് പരമ്പര സ്വന്തമാക്കി അഫ്ഗാൻ തിരിച്ചടിച്ചു. ഒരേയൊരു ടെസ്റ്റിൽ വിൻഡീസ് ഒൻപതു വിക്കറ്റിന്റെ ആധികാരിക വിജയവും നേടി.

ഡിസംബർ ആറിന് ഹൈദരാബാദിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഡിസംബർ എട്ടിന് തിരുവനന്തപുരം, 11ന് മുംബൈ എന്നിവിടങ്ങളിലായി ട്വന്റി20 പരമ്പര പൂർത്തിയാകും. തുടർന്ന് ഡിസംബർ 15ന് ചെന്നൈയിൽ ഏകദിന പരമ്പരയ്ക്കു തുടക്കമാകും. 18ന് വിശാഖപട്ടണം, 22ന് കട്ടക് എന്നിവിടങ്ങളിലാണ് ഏകദിന പരമ്പരയിലെ മത്സരങ്ങൾ.

ഏകദിന ടീം: കീറൺ പൊള്ളാർഡ് (ക്യാപ്റ്റൻ), ഷായ് ഹോപ്പ് (വൈസ് ക്യാപ്റ്റൻ), സുനിൽ ആംബ്രിസ്, റോസ്റ്റൺ ചേസ്, ഷെൽഡൺ കോട്രൽ, ഷിംറോൺ ഹെറ്റ്മയർ, ജെയ്സൺ ഹോൾഡർ, അൽസാരി ജോസഫ്, ബ്രണ്ടൻ കിങ്, എവിൻ ലൂയിസ്, കീമോ പോൾ, ഖാരി പിയറി, നിക്കോളാസ് പുരാൻ, റൊമാരിയോ ഷെപേർഡ്, ഹെയ്ഡൻ വാൽഷ് ജൂനിയർ

ട്വന്റി20 ടീം: കീറൺ പൊള്ളാർഡ് (ക്യാപ്റ്റൻ), നിക്കോളാസ് പുരാൻ (വൈസ് ക്യാപ്റ്റൻ), ഫാബിയൻ അലൻ, ഷെൽഡൻ കോട്രൽ, ഷിംമ്രോൺ ഹെറ്റ്മയർ, ജെയ്സൻ ഹോൾഡർ, കീമോ പോൾ, ബ്രണ്ടൻ കിങ്, എവിൻ ലൂയിസ്, ഖാരി പിയറി, നിക്കോളാസ് പുരാൻ, ദിനേഷ് രാംദിൻ, ഷെർഫെയ്ൻ റുഥർഫോഡ്, ലെൻഡ്ൽ സിമ്മൺസ്, കെസെറിക് വില്യംസ്, ഹെയ്ഡൻ വാൽഷ് ജൂനിയർ.

English Summary: India vs West Indies: Andre Russell excluded from Windies squad