കൈക്കൂലി: ദക്ഷിണേന്ത്യയിൽ ഒന്നാമത് തെലങ്കാന, ഏറ്റവും കുറവ് കേരളത്തിൽ
by മനോരമ ലേഖകൻഹൈദരാബാദ് ∙ ‘ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ കൈമടക്ക് കൊടുക്കണം’- തെലങ്കാനയിലെ 67% ഒരേ സ്വരത്തിൽ പറയുന്നു. ട്രാൻസ്പരൻസി ഇന്റർനാഷനൽ (ടിഐ) നടത്തിയ സർവെയിലാണു തെലങ്കാനയ്ക്കു നാണക്കേടായി അഴിമതിക്കണക്ക് പുറത്തുവന്നത്. വസ്തു റജിസ്ട്രേഷനു തന്നെയാണു ഏറ്റവും കൂടുതൽ പേർ കൈക്കൂലി നൽകിയത് - 40%.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു തെലങ്കാനയിലെ പൊലീസ് അഴിമതി മുക്തരാണെന്നു സർവേയിൽ പറയുന്നു. ആകെ 7% പേരാണു പൊലീസിനു കൈമടക്ക് നൽകിയതായി പറയുന്നത്.
കർണാടക – 63%, തമിഴ്നാട് –62%, ആന്ധ്രപ്രദേശ് - 50%, കേരളം - 10% എന്നിങ്ങനെയാണ് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്ക്.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ മാസം വരെ ലോക്കൽ സർക്കിൾ എന്ന മാധ്യമ സ്ഥാപനമാണു സർവേ നടത്തിയത്. ഇതിനിടെ, രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 248 ജില്ലകളിലായി 1.9 ലക്ഷം പേരിൽ നിന്നാണു സാംപിൾ ശേഖരിച്ചത്.
കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനം രാജസ്ഥാനാണ്. ഇവിടെ കൈമടക്കു കൊടുക്കാതെ കാര്യം നടക്കില്ലെന്നു പറഞ്ഞതു 78% പേർ. ബിഹാറാണ് രണ്ടാം സ്ഥാനത്ത്, 75%.
എന്റെ കേരളം എത്ര സുന്ദരം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനം കേരളമാണെന്നു സർവേ പറയുന്നു. കേരളത്തിൽ കാര്യങ്ങൾ നടക്കണമെങ്കിൽ കൈമടക്ക് കൊടുക്കണമെന്നു പറഞ്ഞതു സർവേയിൽ പങ്കെടുത്ത 10% മാത്രം. കേരളത്തിലും വസ്തു റജിസ്ട്രേഷനാണു അഴിമതിയുടെ വിളനിലം. 29% പേർക്കു കൈക്കൂലി നൽകേണ്ടി വന്നതു വസ്തു റജിസ്ട്രേഷനാണ്.
English Summary: Telangana most corrupt south indian state