പ്രണയലേഖനമെഴുതി; മൂന്നാം ക്ലാസുകാരനെ ബെഞ്ചിൽ കെട്ടിയിട്ട് അധ്യാപികയുടെ ക്രൂരത
by മനോരമ ലേഖകൻഅനന്ത്പുര്∙ പ്രണയലേഖനം എഴുതിയെന്നും മറ്റു കുട്ടികളുടെ വസ്തുക്കൾ എടുത്തുവെന്നും ആരോപിച്ച് വിദ്യാർഥികളെ ക്ലാസ്മുറിയിലെ ബെഞ്ചിൽ കെട്ടിയിട്ട പ്രധാന അധ്യാപികയുടെ നടപടി വിവാദത്തിൽ. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ കാദിരി നഗരത്തിലുള്ള സ്‌കൂളിലാണ് അധ്യാപികയുടെ ക്രൂര നടപടി.
മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ശിക്ഷാനടപടിക്കു വിധേയരായത്. മൂന്നാം ക്ലാസുകാരനെ പ്രണയലേഖനം എഴുതിയതിനും അഞ്ചാം ക്ലാസ് വിദ്യാർഥിയെ സഹപാഠികളുടെ സാധനങ്ങൾ മോഷ്ടിച്ചതിനുമാണ് ശിക്ഷിച്ചതെന്നു പ്രധാന അധ്യാപിക ശ്രീദേവി പ്രതികരിച്ചു. എന്നാൽ വിദ്യാർഥികളെ ബെഞ്ചിൽ കെട്ടിയിട്ടുവെന്ന ആരോപണം അധ്യാപിക നിഷേധിച്ചു. ഞാനല്ല അവരുടെ അമ്മയാണ് അപ്രകാരം ചെയ്തത്– ശ്രീദേവി പറഞ്ഞു.
സംഭവത്തിൽ പ്രധാന അധ്യാപികയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നു സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറോടും മുന്‍സിപ്പല്‍ കമ്മിഷണറോടും സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു സംസ്ഥാന ശിശുസംരക്ഷണ കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ ജി.ഹൈമവതി മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരത്തില്‍ ഒരു സംഭവം സ്‌കൂള്‍ പരിസരത്ത് നടക്കാനിടയായ സാഹചര്യത്തെ കുറിച്ച് പ്രധാന അധ്യാപികയിൽനിന്ന് വിശദീകരണം ലഭിച്ചിട്ടില്ലെന്നും മാതൃകപരമായ നടപടിയുണ്ടാകുമെന്നും ജി.ഹൈമവതി പ്രതികരിച്ചു.
എന്നാൽ അധ്യാപികയുടെ ആരോപണം കുട്ടികളുടെ രക്ഷിതാക്കൾ തള്ളി. തന്റെ സ്കൂളിൽ ഇത്തരം നടപടികൾ അനുവദിക്കില്ലെന്നു ശ്രീദേവി പറഞ്ഞുവെന്നും രക്ഷിതാക്കൾ പറയുന്നു. പ്രധാന അധ്യാപിക ഉൾപ്പെട്ട സംഭവത്തിൽ ഉചിതമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുണ്ട്.
English Summary: Headmistress ties two students to bench as punishment, probe ordered