https://img-mm.manoramaonline.com/content/dam/mm/mo/education/education-news/images/2019/11/28/shyama.jpg

കലോത്സവവേദിയിലേക്ക്; വിമാനത്തിലും പിന്നെ ആംബുലൻസിലും !

by

തിരുവനന്തപുരത്തുകാരി ശ്യാമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്ക് ‘എമർജൻസി ലാൻഡിങ്’. കണ്ണൂരിലേക്കു വിമാനത്തിലും അവിടെനിന്നു കാഞ്ഞങ്ങാട്ടേക്ക് ആംബുലൻസിലും എത്തിയ സംഘനൃത്ത നർത്തകി രാത്രി പത്തരയോടെ കൂട്ടുകാർക്കൊപ്പം വേദിയിൽ കയറി. അവസാന നിമിഷം അപ്പീൽ അനുവദിക്കുകയും പങ്കെടുത്തുകൊണ്ടിരുന്ന എൻസിസി ക്യാംപിൽനിന്നു പ്രത്യേക അനുമതി ലഭിക്കുകയും ചെയ്തതോടെയാണു പട്ടം സെന്റ് മേരീസ് സ്കൂളിലെ ശ്യാമ ആകാശമാർഗം സംസ്ഥാന കലോത്സവത്തിനെത്തിയത്.

ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തത്തിൽ പങ്കെടുക്കാൻ അപ്പീൽ കിട്ടിയതു കഴിഞ്ഞ ദിവസം രാത്രി. ഇന്നലെ രാവിലെ മറ്റു കുട്ടികളെല്ലാം വണ്ടി കയറി. എൻസിസി അംഗമായ ശ്യാമയ്ക്കു മാത്രം പാങ്ങോട് മിലിറ്ററി ക്യാംപിൽ നടക്കുന്ന പരേഡിന്റെ പേരിൽ അനുമതി മുടങ്ങി. ശ്യാമ വന്നാലേ മറ്റുള്ളവർക്കും പങ്കെടുക്കാനാവൂ. എത്ര ചോദിച്ചിട്ടും അനുമതി കിട്ടിയില്ല, അതോടെ എല്ലാവരും നിരാശരായി.

ഒടുവിൽ നൃത്താധ്യാപകന്റെ ഉറപ്പിൽ ക്യാംപിൽനിന്നു മണിക്കൂറുകൾ മാത്രം വിട്ടുനിൽക്കാൻ അനുമതി. തിരുവനനന്തപുരത്ത് നിന്ന് 7.10 നുള്ള വിമാനത്തിൽ ശ്യാമ കയറുമ്പോൾ കാഞ്ഞങ്ങാട്ടെ വേദിയിൽ സംഘനൃത്തം തുടങ്ങിയിരുന്നു. 8.10 നു കണ്ണൂരിൽ വിമാനമിറങ്ങിയ ശ്യാമയെ കാത്ത് ആംബുലൻസ് തയാറായി നിന്നു. നഗരത്തിലെ ഗതാഗതക്കുരുക്കു മറികടന്നു വേദിയിലെത്താൻ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. 

വേദിക്ക് 10 കിലോമീറ്റർ മുൻപു കാത്തുനിന്ന സുഹൃത്തുക്കൾ കുറുക്കുവഴികളിലൂടെ വേദിയിലെത്തിച്ചു. വന്നതിന്റെ ക്ഷീണം തീർത്ത് ഒന്നിരിക്കാൻ പോലും നേരമില്ലാതെ അരങ്ങിലേക്ക്. പുലർച്ചെ തിരുവനന്തപുരത്തേക്കു തിരികെ പറന്നു. 11 മണിക്ക് എൻസിസി ക്യാംപിൽ തിരികെ കയറണം.