ബ്രൂസ്ലീയെ പ്രണയിച്ച പെൺകുട്ടിയുടെ കഥ: "എന്റർ ദ് ഗേൾ ഡ്രാഗൺ'
by depika.comബ്രൂസ് ലി നായകനായി 1973ൽ പുറത്തുവന്ന ചിത്രമാണ് എന്റർ ദ ഡ്രാഗൺ. റോബർട്ട് ക്ലൗസ് സംവിധാനം ചെയ്ത ഈ ചിത്രം മാർഷ്യൽ ആർട് സിനിമകളിലെ എക്കാലത്തേയും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നു. പിൽക്കാലത്ത് ലോകമെങ്ങും പുറത്തിറങ്ങിയ പല മാർഷ്യൽ ആർട് സിനിമകളേയും എന്റർ ദ ഡ്രാഗൺ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ മാർഷ്യൽ ആർട് സിനിമ എന്ന വിശേഷണത്തോടെ രാം ഗോപാൽ വർമ സംവിധാനം ചെയ്ത ചിത്രമാണ് എന്റർ ദ ഗേൾ ഡ്രാഗൺ. ബ്രൂസ് ലീയെ പ്രണയിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ആയോധന കലയ്ക്ക് പ്രാധാന്യം നൽകി ഒരുക്കിയ ത്രില്ലർ ചിത്രമാണ് എന്റർ ദ ഗേൾ ഡ്രാഗൺ.
പൂജ ഫലേക്കർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. 3മിനിട്ട് 25 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നായികാ കഥാപാത്രത്തിന്റെ ആയോധനാഭ്യാസങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ടീസർ ഇതിനകം തന്നെ വ്യാപക ശ്രദ്ധ നേടിക്കഴിഞ്ഞു.
ബ്രൂസ്ലീയുടെ എൺപതാം ജന്മവാർഷിക ദിനമായ നവംബർ 27നാണ് ടീസർ റിലീസ് ചെയ്തത്. കിടിലൻ ആക്ഷൻ രംഗങ്ങളും ഗ്ലാമർ രംഗങ്ങളും കൊണ്ട് സന്പന്നമാണ് ടീസർ. ടീസറിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് രവി ശങ്കർ ആണ്.