പ്രണയലേഖനം എഴുതിയതിന് മൂന്നാം ക്ലാസുകാരനെ കെട്ടിയിട്ടു; അധ്യാപികയ്ക്കെതിരെ പ്രതിഷേധം
by സ്വന്തം ലേഖകൻപ്രണയലേഖനം എഴുതിയതിന് വിദ്യാര്‍ഥിയെ ക്ലാസ്മുറിയില്‍ ഡെസ്കിനോട് ചേര്‍ത്തു കെട്ടിയ അധ്യാപികയ്ക്കെതിരെ പ്രതിഷേധം.ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയിലെ സ്കൂളിലാണ് പ്രധാനാധ്യാപികയുടെ ക്രൂരത. മറ്റ് കുട്ടികളുടെ സാധനങ്ങള്‍ എടുത്തുവെന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരനെയും നേരത്തെ ഇവര്‍ കെട്ടിയിട്ടിരുന്നു. എന്നാല്‍ താന്‍ കുട്ടികളെ കെട്ടിയിട്ടില്ലെന്നും അവരുടെ അമ്മയാണ് അങ്ങനെ ചെയ്തെന്നുമാണ് സ്കൂളിലെ പ്രധാന അധ്യാപിക പറയുന്നത്.
അതേസമയം ടീച്ചര്‍ നുണ പറയുകയാണെന്നും കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തിൽ പ്രധാന അധ്യാപികയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നു സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറോടും മുന്‍സിപ്പല്‍ കമ്മിഷണറോടും സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു സംസ്ഥാന ശിശുസംരക്ഷണ കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ ജി.ഹൈമവതി മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരത്തില്‍ ഒരു സംഭവം സ്‌കൂള്‍ പരിസരത്ത് നടക്കാനിടയായ സാഹചര്യത്തെ കുറിച്ച് പ്രധാന അധ്യാപികയിൽനിന്ന് വിശദീകരണം ലഭിച്ചിട്ടില്ലെന്നും മാതൃകപരമായ നടപടിയുണ്ടാകുമെന്നും ജി.ഹൈമവതി പ്രതികരിച്ചു. പ്രധാന അധ്യാപികയ്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.