https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2019/11/29/senkumar45.jpg

ആ നോബല്‍ സമ്മാനം വന്നത് ജെഎന്‍യുവില്‍ നിന്ന്; സെന്‍കുമാറിന് മറുപടി

by

ജെഎൻയു കാംപസിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ ബാത്ത് റൂമിൽ നിന്ന് പെൺകുട്ടികൾ ഇറങ്ങിവരുന്നത് കണ്ടുവെന്ന സെൻകുമാറിന്റെ പരാമർശത്തെ ചോദ്യം ചെയ്ത് ഡോക്ടർ നെൽസൺ ജോസഫ്. ഇൗ രാജ്യത്ത് പ്രായപൂർത്തിയായ ആണും പെണ്ണും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായി തെറ്റാണോ എന്ന് മുൻ ഡിജിപി പറയണമെന്ന് ഡോക്ടർ നെൽസൺ ജോസഫ് ചോദിക്കുന്നു. 

ക്യാംപസിൽ കോണ്ടം കണ്ടുവെന്ന‌ പരാമർശത്തിനും ഡോകടർ മറുപടി പറയുന്നുണ്ട്. ഗർഭനിരോധനത്തിനുള്ള മറ്റ്‌ പല മാർഗ്ഗങ്ങൾക്കുമില്ലാത്തൊരു അധിക നേട്ടം കോണ്ടത്തിനുണ്ട്‌. ലൈംഗികബന്ധത്തിൽ കൂടി പടരുന്ന രോഗങ്ങൾ തടയൽ.. കോണ്ടമുപയോഗിക്കുന്നവർക്ക്‌ ചുരുങ്ങിയത്‌ ഇത്രയെങ്കിലും കാര്യങ്ങൾ അറിവുണ്ടായിരിക്കും. അവർ വികാരത്തെക്കാൾ വിവേകത്തിനു മുൻ ഗണന നൽകുന്നെന്ന് സാരം. അടച്ചുപൂട്ടണമെന്ന് പറയുന്ന അതേ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇന്ത്യയിൽ വന്ന ഒരു നൊബേൽ സമ്മാനമെത്തിയതെന്ന് മറക്കണ്ടഎന്നും നെൽസൺ ജോസഫ് പറയുന്നു.

ഡോക്ടറുടെ കുറിപ്പ് വായിക്കാം

ജെ.എൻ.യുവിനെക്കുറിച്ചും കോണ്ടത്തെക്കുറിച്ചും ആൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന പെൺകുട്ടികളെക്കുറിച്ചും ടി.പി.സെൻകുമാർ പറഞ്ഞുവെന്ന വാർത്ത വായിക്കാനിടയായി.

ജെ.എൻ.യുവിലെ ആൺകുട്ടികളുടെ ശുചിമുറിയിൽ നിന്നും പെൺകുട്ടികൾ ഇറങ്ങിവരുന്നത് താൻ കണ്ടിട്ടുണ്ട്. നാൽപ്പത് വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. ഇപ്പോൾ പെൺകുട്ടികൾ കോണ്ടം ഉപയോഗിച്ചാണ് മുടി കെട്ടിവെക്കുന്നത് എന്ന് സെൻകുമാർ പറഞ്ഞതായാണ് വാർത്തയിൽ.

കോണ്ടമുപയോഗിച്ച് മുടി കെട്ടിവയ്ക്കുന്ന പെൺകുട്ടിയെന്ന വാർത്ത ഇപ്പൊഴത്തെയല്ലെന്നും വ്യാജമാണെന്നും അതേ വാർത്തയിലുണ്ട്. 2016ലെ ചിത്രമാണതെന്നും ഇപ്പോൾ അത് തെറ്റിദ്ധാരണാജനകമായി ഉപയോഗിച്ചതാണെന്നും..

ജെ.എൻ.യുവിലെ കോണ്ടത്തെക്കുറിച്ച് പറയുന്ന ആദ്യത്തെ ആളല്ല സെൻ കുമാർ.ജെ.എൻ.യുവിൽ 3000 യൂസ്ഡ് കോണ്ടം കണ്ടുവെന്ന് മുൻപ് ഗ്യാൻ ദേവ് അഹൂജ എന്ന എം.എൽ.എ നടത്തിയ പ്രസ്താവനയും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഏതായാലും ഒരു മുൻ പൊലീസ് മേധാവിയെന്ന നിലയിൽ കുറച്ച് ചോദ്യങ്ങൾ അദ്ദേഹത്തോട് ആവാമല്ലോ.

ആൺകുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയിൽ പെൺകുട്ടികൾ കയറരുത് എന്ന് ഏത് നിയമത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്? മിക്സ്ഡ് ഹോസ്റ്റലുകളും ലിംഗഭേദമെന്യേ ഉപയോഗിക്കാവുന്ന ശൗചാലയങ്ങളുമൊന്നും ഇപ്പൊ വാർത്തപോലുമല്ലല്ലോ.

ഒരു പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു നിയമം തടസം നിൽക്കുന്നുണ്ടോയെന്നൂടി അദ്ദേഹത്തിനു പറയാവുന്നതാണ്.

അപ്പൊപ്പിന്നെ കോണ്ടത്തിൻ്റെ കഥ എന്തിനാണദ്ദേഹം പറയുന്നത്? അത്തരം സർവകലാശാലകൾ നമുക്കാവശ്യമില്ലെന്ന് പറയുമ്പൊ " എത്തരം " സർവകലാശാലകളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്?

ഇപ്പൊഴും സെക്സ് , അല്ലെങ്കിൽ ലൈംഗികത നമുക്കൊരു ടാബൂ ആണ്. ലൈംഗികതയെക്കുറിച്ചോ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ചോ തുറന്നുള്ള സംസാരങ്ങൾ എത്രത്തോളം നടക്കാറുണ്ട്.

അപ്പൊ സ്വഭാവികമായും കോണ്ടം അശ്ലീലമാവുന്നതിൽ ഒരദ്ഭുതവുമില്ല.

അത് ജെ.എൻ.യുവിനെതിരായി ഉപയോഗിക്കുക, ആവർത്തിച്ചുകൊണ്ടേയിരിക്കുക. ഇത്തരം പ്രസ്താവനകൾ മറ്റെന്താണു ചെയ്യുന്നത്?

ആ ടാബുവിനെ ഇതുപോലെയുള്ള പ്രസ്താവനകളിലൂടെ ഊതി വീർപ്പിക്കാനല്ല ശ്രമിക്കേണ്ടത്.

ഗർഭനിരോധനത്തിനുള്ള മറ്റ്‌ പല മാർഗ്ഗങ്ങൾക്കുമില്ലാത്തൊരു അധിക നേട്ടം കോണ്ടത്തിനുണ്ട്‌. ലൈംഗികബന്ധത്തിലൂടി പടരുന്ന രോഗങ്ങൾ തടയൽ..

കോണ്ടമുപയോഗിക്കുന്നവർക്ക്‌ ചുരുങ്ങിയത്‌ ഇത്രയെങ്കിലും കാര്യങ്ങൾ അറിവുണ്ടായിരിക്കും. അവർ വികാരത്തെക്കാൾ വിവേകത്തിനു മുൻ ഗണന നൽകുന്നെന്ന് സാരം

കോണ്ടമുപയോഗിക്കുന്നെന്ന് കേട്ടാൽ അയ്യേ എന്ന് പറയുന്ന, അധിക്ഷേപമായിക്കരുതുന്ന മുതിർന്നവരുണ്ടെന്നത്‌ തന്നെ രാജ്യത്തെ ലൈംഗികവിദ്യാഭ്യാസത്തിന്റെ അവസ്ഥയാണു കാണിക്കുന്നത്

അടച്ചുപൂട്ടണമെന്ന് പറയുന്ന അതേ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇന്ത്യയിൽ വന്ന ഒരു നൊബേൽ സമ്മാനമെത്തിയതെന്ന് മറക്കണ്ട.